
മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്നും ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി. പഹൽഗാമിൽ നടന്ന ഭീകരാക്രമണം മനുഷ്യരാശിക്കെതിരായ പ്രഹരമായിരുന്നെന്നും മോദി ചൂണ്ടിക്കാട്ടി. ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി ഭീകരവാദം മാറിയിരിക്കുന്നു. പഹൽഗാം ഭീകരാക്രമണം ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കും ഒരു പ്രഹരമായിരുന്നു. ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല. ഭീകരവാദത്തിന്റെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസിൽ തൂക്കിനോക്കാനാവില്ല. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി, ഭീകരതയ്ക്കു നിശബ്ദ സമ്മതം നൽകുകയും ഭീകരതയെയോ ഭീകരരെയോ പിന്തുണയ്ക്കുകയും ചെയ്യുന്നത് സ്വീകാര്യമല്ല. ഭീകരതയെക്കുറിച്ചുള്ള വാക്കുകൾക്കും പ്രവൃത്തികൾക്കും ഇടയിൽ വ്യത്യാസമുണ്ടാകരുത്. ഭീകരവാദത്തെ അപലപിക്കുക എന്നത് നമ്മുടെ തത്വമായിരിക്കണം.’’ – മോദി പറഞ്ഞു,
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടി അപലപിച്ചു. ഭീകരവാദികളുടെ അതിർത്തി കടന്നുള്ള നീക്കം, ഭീകരവാദ ധനസഹായം, സുരക്ഷിത താവളങ്ങൾ ഒരുക്കുക തുടങ്ങിയവയെ പ്രതിരോധിക്കാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഇറാനിൽ ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തെയും ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു,
‘‘2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിൽ 26 പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്ക് പറ്റുകയും ചെയ്ത ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അതിർത്തി കടന്നുള്ള ഭീകരവാദ നീക്കങ്ങളും ഭീകരവാദ ധനസഹായങ്ങളും സുരക്ഷിത താവളങ്ങൾ ഒരുക്കുന്നതുൾപ്പെടെ ഭീകരതയെ നേരിടാനുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല. ഭീകരതയെ പ്രതിരോധിക്കുന്നതിൽ ഇരട്ടത്താപ്പ് ഒഴിവാക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നു’’ – ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു.











